ബെംഗളൂരു: ക്യാമ്പസിലെ പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ക്യാമ്പസിലാണ് സംഭവം. അവസാന വര്‍ഷ എംഎസ്‌സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ത്ഥിയായ ആകാശ് കെ ആണ് മരിച്ചത്. 24 വയസായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം നടന്നത്. ആകാശും സുഹൃത്തുക്കളായ ഹസൻ ബാഷ്, പ്രശാന്ത് എന്നിവരും ചേർന്ന് ക്യാമ്പസിലെ ഞാവൽ മരത്തിൽ നിന്ന് പഴം ശേഖരിക്കാനുള്ള ശ്രമത്തിനിടയായിരുന്നു സംഭവം. ഞാവൽ ശേഖരിച്ച് മടങ്ങുമ്പോൾ പ്ലാവ് കണ്ട ആകാശ് അതിൽ കയറുകയും അപ്പോൾ കാലുവഴുതി വീഴുകയും ചെയ്തു. വീഴ്ചയിൽ ആകാശിന്റെ തലക്കും തോളിനും ഗുരുതര പരിക്കേറ്റു.
ഒപ്പം ഉണ്ടായവർ ആകാശിനെ ഉടൻ യെലഹങ്ക സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും, നില ഗുരുതരമായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ മരണം സംഭവിച്ചു.
ആകാശിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യെലഹങ്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു.






