ചെന്നൈ: തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജിപ്രവാഹം. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ എന്നിവർക്കു പിന്നാലെ, സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷും പാർട്ടിയിൽ നിന്ന് രാജിവെച്ചു. താൻ പാർട്ടി വിടുന്ന വിവരം അവർ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. ഏറെ ആലോചനകൾക്കൊടുവിലാണ് ഈ തീരുമാനം എടുത്തതെന്നും വിഷമത്തോടെയാണ് പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി.
“ബിജെപിയെ സേവിക്കാൻ കഴിഞ്ഞത് അഭിമാനമാണ്. പാർട്ടി സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറാനും പാർട്ടി ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്,” എന്നാണ് സുമതി വെങ്കിടേഷ് കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ബിജെപിയുടെ ദേശീയത, ദേശസ്നേഹം, രാജ്യസേവനം തുടങ്ങിയ ആശയങ്ങളിലും താൻ ഇപ്പോഴും പ്രചോദിതയാണെന്നും അവർ പറഞ്ഞു. വളരെയധികം ചിന്തിച്ച ശേഷമാണ് ഈ പ്രയാസകരമായ തീരുമാനം എടുത്തതെന്നും, തന്റെ സേവനകാലത്ത് പിന്തുണ നൽകിയ എല്ലാ നേതാക്കളോടും പ്രവർത്തകരോടും നന്ദിയുണ്ടെന്നും അവർ പാർട്ടി നേതൃത്വത്തിന് അയച്ച കുറിപ്പിൽ വ്യക്തമാക്കി.






