കോഴിക്കോട്: നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. വൈദ്യുതി ലഭ്യമല്ലാതിരുന്ന കാലത്ത് വെളിച്ചത്തിനായി എല്ലാവരും വിളക്ക് ഉപയോഗിച്ചിരുന്നുവെന്നും ഇന്നും വൈദ്യുതി തടസപ്പെടുമ്പോൾ വിളക്ക് കത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ദീപാരാധനയോ സൂര്യാരാധനയോ പോലുള്ള ആരാധനാരീതികളുമായി മുസ്ലിംകൾക്ക് ബന്ധമില്ലെന്നും, മറ്റ് ആരാധനാ രീതികളിൽ പങ്കെടുക്കുന്നത് ഇസ്‌ലാം മതവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നും ഉമർ ഫൈസി വ്യക്തമാക്കി.
സ്ത്രീയോ എംഎൽഎയോ വിളക്ക് കത്തിച്ചതിനെ പ്രത്യേകം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും, ആർക്കും വിളക്ക് കത്തിക്കാനോ കത്തിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരാധനയുടെ ഭാഗമായി വിളക്ക് കത്തിക്കുന്നതാണെങ്കിൽ അത് ഇസ്‌ലാമിക വിശ്വാസത്തോട് യോജിക്കുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു പ്രവർത്തനം ആരംഭിക്കുന്നതിന് പുണ്യം ലഭിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് വിളക്ക് കത്തിക്കുന്ന സമ്പ്രദായം പൊതുവേദികളിലേക്ക് കടന്നുവന്നതെന്നും, ഏകദൈവ വിശ്വാസികളായ മുസ്ലിംകൾ ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അല്ലാഹുവല്ലാത്ത മറ്റാരെയും ആരാധിക്കാൻ പാടില്ലെന്നതാണ് മുസ്ലിം വിശ്വാസമെന്നും, ദീപത്തെയോ സൂര്യനെയോ മറ്റ് വസ്തുക്കളെയോ ആരാധനയുടെ ഭാഗമായി കാണേണ്ട ആവശ്യമില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
ഇത് തർക്കവിഷയമാക്കേണ്ട കാര്യമില്ലെന്നും, മുസ്ലിംകൾ പൊതുപരിപാടികളെ എതിർക്കുന്നവരാണെന്ന രീതിയിൽ ചിത്രീകരിക്കാൻ ചില ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്ഘാടന ചടങ്ങുകളിൽ നാട മുറിക്കലും വാതിൽ തുറക്കലും ഉൾപ്പെടെ നിരവധി രീതികൾ നിലവിലുണ്ടെന്നും, മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പെടെയുള്ള നേതാക്കൾ ഭരണഘടനാപദവികളിലിരിക്കെ പൊതുവേദികളിൽ പങ്കെടുത്ത് മാതൃക കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ മാതൃകയിൽ നിന്ന് മുസ്ലിം ലീഗുകാർ മാറേണ്ട സാഹചര്യമില്ലെന്നും അതുതന്നെ തുടരുകയാണ് വേണ്ടതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.




