ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉയരുന്ന ഇന്ധനവിലയെ കുറിച്ചുള്ള ആശങ്കകൾക്കിടെ വിശദീകരണവുമായി പെട്രോളിയം മന്ത്രാലയം രംഗത്ത്. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇന്ധനത്തിനും പാചകവാതകത്തിനും കുറഞ്ഞ നിരക്കാണ് നിലവിലുള്ളതെന്നാണ് മന്ത്രാലയത്തിന്റെ വാദം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ആഗോള വിപണിയിൽ എണ്ണവില ഉയർന്നിട്ടുണ്ടെങ്കിലും അതിന്റെ പൂർണ ആഘാതം സാധാരണ ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കൾക്കുള്ള സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന ക്ഷാമമോ വിതരണ പ്രതിസന്ധിയോ ഇല്ലെന്നും അധികൃതർ അറിയിച്ചു.
പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ പാചകവാതകവും ഇന്ധനവും ലഭ്യമാകുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ഉണ്ടായിട്ടും രാജ്യത്തെ ഉപഭോക്താക്കൾക്ക് താരതമ്യേന കുറഞ്ഞ ഭാരം മാത്രമാണ് അനുഭവപ്പെടുന്നതെന്നാണ് വിലയിരുത്തൽ.
അതേസമയം, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ രാജ്യത്തെ ശേഖരവും വിതരണ സംവിധാനവും തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ വിതരണ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ ഇന്ധന ശേഖരം നിലവിലുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.






