തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി ക്ഷേമനിധി ബോർഡിൽ പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും പെൻഷൻ തുകയുമായി ബന്ധപ്പെട്ട് നടന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. ഏകദേശം 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഓഡിറ്റിൽ കണ്ടെത്തിയത്.
ലോട്ടറി ഏജന്റുമാരിൽ നിന്ന് പ്രതിമാസം 50 രൂപ വീതം പിരിച്ചും സർക്കാർ ഗ്രാന്റും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡിലാണ് ഈ ക്രമക്കേട് നടന്നത്. 2014 മുതൽ 2020 വരെ നടന്ന തട്ടിപ്പിൽ ഏകദേശം 14.93 കോടി രൂപ അനധികൃതമായി മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. കേസിൽ ബോർഡിലെ മുൻ ക്ലർക്ക് കെ. സംഗീത്, സുഹൃത്ത് അനിൽകുമാർ എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത തുകയിൽ ഏകദേശം 6 കോടി രൂപ കത്തിച്ചു കളഞ്ഞതായി ഒന്നാം പ്രതി സംഗീത് വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്കും സുഹൃത്തിന്റെ അക്കൗണ്ടുകളിലേക്കും പണം മാറ്റിയും വ്യാജ രേഖകൾ സൃഷ്ടിച്ചും ചെക്കുകളിൽ കള്ള ഒപ്പുകൾ വെച്ചുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പോലും എഡിറ്റ് ചെയ്ത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തി.
വ്യാജ രേഖകൾ ഉപയോഗിച്ച് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ സീലുകളും ഒപ്പുകളും വരെ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സർക്കാർ ഗ്രാന്റ് തുകയിലും കൃത്രിമം കാട്ടിയതായി ഓഡിറ്റിൽ വ്യക്തമായി.
ഈ തട്ടിപ്പ് പുറത്തുവരാൻ കാരണം സംഗീതിന്റെ ബന്ധുവിന്റെ പരാതിയാണെന്നും, തുടർന്ന് നടത്തിയ പ്രത്യേക ഓഡിറ്റിലാണ് വലിയ ക്രമക്കേട് കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ്, വിജിലൻസ്, ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികൾ അന്വേഷണം തുടരുകയാണ്.






