തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിക്ക് അന്തിമ അംഗീകാരം ഈ മാസം 10ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ലഭിക്കും.
എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്ത്രീകൾക്കുള്ള സൗജന്യ യാത്ര മൂലം ടിക്കറ്റ് വരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം പൂർണമായും സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ ഏകദേശം 712 കോടി രൂപയുടെ ബാധ്യതയും, എല്ലാ സർവീസുകളിലേക്കും വ്യാപിപ്പിച്ചാൽ 1300 കോടി രൂപയിലധികം ചെലവും ഉണ്ടാകുമെന്നാണ് കണക്ക്.
നിലവിൽ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലവുകൾക്കായി സർക്കാർ സഹായം തേടുന്ന കെ.എസ്.ആർ.ടി.സിക്ക് ഈ അധിക ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും, സർക്കാർ പദ്ധതിയായതിനാൽ മുഴുവൻ തുകയും സർക്കാർ തന്നെ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






