ചെന്നൈ: ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പാർട്ടിയിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു അമർ പ്രസാദ് റെഡ്ഡിയുടെ രാജി പ്രഖ്യാപനം. ഭാവിയിൽ അണ്ണാമലൈക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും പാർട്ടി വിട്ടിരുന്നു.
അണ്ണാമലൈയുടെ രാജിയെ തുടർന്ന് സംസ്ഥാന ഉപാധ്യക്ഷൻ കരു നാഗരാജൻ ഉൾപ്പെടെ 15 പേർ ബിജെപിയിൽ നിന്ന് രാജിവെച്ചതായും റിപ്പോർട്ടുണ്ട്. അണ്ണാമലൈയുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്ന സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ പ്രതികരണത്തിനിടെയാണ് കൂട്ടരാജി ഉണ്ടായത്.
അതേസമയം, ബിജെപി വിട്ട് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് രൂപം നൽകിയ അണ്ണാമലൈക്ക് പിന്തുണ വർധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ മൂവ്മെന്റിൽ രജിസ്റ്റർ ചെയ്ത വളണ്ടിയർമാരുടെ എണ്ണം 17 ലക്ഷം പിന്നിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
നീണ്ട ദിവസങ്ങളായുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജൂൺ അഞ്ചിനാണ് അണ്ണാമലൈ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാജി പ്രഖ്യാപനം. 2031ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അതിന് മുൻപായി തന്റെ സംഘടന രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അണ്ണാമലൈ വ്യക്തമാക്കിയിട്ടുണ്ട്.
ഐപിഎസ് സേവനം രാജിവെച്ചാണ് അണ്ണാമലൈ രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2020ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം, തുടർന്ന് തമിഴ്നാട് ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചിരുന്നു.






