തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം നീട്ടിവെച്ചു. ഇന്ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഫലം പ്രഖ്യാപിക്കുക.
ഗൾഫ് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലവും ഉൾപ്പെടുത്തിയാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക. പുതുക്കിയ അറിയിപ്പ് പ്രകാരം അടുത്ത മാസം 15നാണ് ഫലം പ്രഖ്യാപിക്കുക.
അതേസമയം, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം 77.97 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.16 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 3,72,423 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സയൻസ് വിഭാഗത്തിൽ 84.55 ശതമാനവും, കൊമേഴ്സിൽ 74.74 ശതമാനവും, ഹ്യുമാനിറ്റീസിൽ 66.38 ശതമാനവും വിജയശതമാനം രേഖപ്പെടുത്തി.
ഇടുക്കി ജില്ലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം (84.64%) നേടിയത്. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം (71.72%). സംസ്ഥാനത്ത് 76 സ്കൂളുകൾ 100 ശതമാനം വിജയം സ്വന്തമാക്കി. 30,561 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
ജൂൺ 29 മുതൽ ജൂലൈ 3 വരെയാണ് ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.






