“ഒരാൾ പാർട്ടി പരിപാടിയും ഭരണഘടനയും അനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ നിശ്ചയമായും പാർട്ടിയംഗമാവാം. ഒരു പുരോഹിതനെന്ന നിലയിൽ അയാൾ പള്ളിയിൽ ചെയ്യുന്ന പണിയല്ലല്ലോ പാർട്ടിയിൽ ചെയ്യുന്നത്”- പണ്ട് ഒരു പുരോഹിതന് പാർട്ടി അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ലെനിൻ പറഞ്ഞ വാക്കുകളാണിത്.
ഇതിവിടെ ഇപ്പോൾ പറയാൻ കാരണമുണ്ട്. ഒരാളുടെ മതവും രാഷ്ട്രീയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചില രാഷ്ട്രീയ പാർട്ടികളിൽ ചില പ്രത്യേക മതവിഭാഗങ്ങളിൽ പെട്ടവർ കൂടുതലായി ചേരുന്ന പ്രവണത നാം കണ്ടിട്ടുള്ളതാണ്. എന്നാൽ പൊതുവെ വർഗീയ ചിന്തകൾക്കതീതമായ രാഷ്ട്രീയ സമവാക്യങ്ങൾ പേറുന്നവയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളിലധികവും. ഇതേ വിഷയം തന്നെയാണ് ഇപ്പോൾ വീണ്ടും കേരള രാഷ്ട്രീയത്തിലെ പുതിയ ഹോട് ടോപിക്.
മുൻ മന്ത്രി കെടി. ജലീലും ഭാര്യ ഫതുമുക്കുട്ടിയും സിപിഎമ്മിൽ അംഗത്വമെടുത്തതോടെയാണ് കേരള രാഷ്ട്രീയത്തിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുന്നത്. മതവിശ്വാസവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും പരസ്പരവിരുദ്ധമാണെന്ന വിമർശനങ്ങളാണ് വലിയ രീതിയിൽ ഉയരുന്നത്. ഒരു നല്ല വിശ്വാസിക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റ് ആകാൻ കഴിയില്ല എന്നതാണ് സമസ്ത നേതാവ് സത്താർ പന്തല്ലൂർ അടക്കം ഉയർത്തുന്ന വാദം. എന്നാൽ അങ്ങനെയൊന്നുണ്ടോ? കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നാൽ അവിശ്വാസികളുടേത് മാത്രമാണോ? ഈ വാദങ്ങൾക്കിടയിൽ നിന്ന് കത്തുകയാണ് ചർച്ചകളെങ്ങും.
സത്താർ പന്തല്ലൂർ കൊളുത്തിവിട്ട വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ജലീൽ തന്നെ രംഗത്ത് എത്തിയിരുന്നു. “ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്ലാമിക്കാരനും മുസ്ലിംലീഗിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ആശയ ഭിന്നത തടസ്സമല്ലെങ്കിൽ ഒരു ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്തുകൊണ്ട് ഒരുമിച്ച് പ്രവർത്തിക്കാനാവില്ല?” ജലീൽ ചോദിക്കുന്നു.
തത്വത്തിൽ ഇത് ശരിയുമാണ്. മതനിഷേധിയോ യുക്തിവാദിയോ ആയവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകൂ എന്ന് ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മാന്വലിൽ പറയുന്നതായി ഓർക്കുന്നില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേവലമൊരു ദാർശനിക പാർട്ടി മാത്രമല്ല, അതൊരു പ്രായോഗിക രാഷ്ട്രീയ സംഘടന കൂടിയാണ് എന്ന യാഥാർത്ഥ്യം ഇവിടെ മറുന്നുകൂട. ഒരു മതവിശ്വാസി പാർട്ടിയിൽ അംഗത്വമെടുക്കരുതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ഭരണഘടനയിലും പറഞ്ഞിട്ടില്ല പാർട്ടിയുടെ രാഷ്ട്രീയ പ്രമേയങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ സന്നദ്ധരായ ഏത് വിശ്വാസിക്കും പാർട്ടിയിൽ അംഗത്വം നൽകുമെന്ന കാര്യം മുൻപ് ഇ.എം.എസ് തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.
ആത്മീയ രംഗത്ത് വ്യത്യസ്ത വഴികൾ സ്വീകരിക്കുന്ന കോൺഗ്രസ്സുകാരോ ലീഗുകാരോ ‘അര കോൺഗ്രസ്സുകാരോ’ ‘അര ലീഗുകാരോ’ അല്ലാത്തതുപോലെ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അംഗീകരിച്ച് പാർട്ടിയിൽ പ്രവർത്തിക്കുന്ന വിശ്വാസികൾ ‘അര കമ്മ്യൂണിസ്റ്റുകാരല്ലെന്ന്’ ജലീൽ ഉറപ്പിച്ച് തന്നെ പറയുന്നു.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ നയിച്ച കേരള യാത്രയ്ക്കിടെ അതിൽ അംഗമായിരുന്ന കെ. ടി. ജലീൽ വാഹനം നിർത്തി ജുമ നമസ്കാരത്തിന് പോയതും, അദ്ദേഹം തിരികെ വരുന്നതുവരെ പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ പുറത്തു കാത്തുനിന്നതും അന്ന് അത്യാവശ്യം വാർത്തയായ സംഭവമാണ്.
വിഷയത്തിൽ മറ്റ് കമ്മ്യൂണിസ്റ്റ് അതികായരും നിലപാട് വ്യക്തമാക്കി രംഗത്ത് വരുന്നുണ്ട്. പി ജയരാജന്റേതാണ് അതിലെ ശ്രദ്ധേയമായ പരാമർശങ്ങൾ. ഇവർ പാർട്ടി അംഗത്വത്തിലേക്ക് വരാൻ തീരുമാനിച്ചത് വലിയൊരു രാഷ്ട്രീയ സന്ദേശമാണ്. നമ്മുടെ മതനിരപേക്ഷതയും വർഗീയവിരുദ്ധ നിലപാടുകളും ഉയർത്തിപ്പിടിക്കാൻ സിപിഎമ്മിലൂടെയാണ് കഴിയുക എന്ന പ്രഖ്യാപനമാണ് ഈ തീരുമാനത്തിൽ വായിക്കാനാവുക എന്ന് ജയരാജൻ പറയുന്നു. കാവിൽ പോകുന്നവർക്കും ക്ഷേത്രത്തിൽ പോകുന്നവർക്കും പള്ളിയിൽ പോകുന്നവർക്കും സിപിഎമ്മിൽ അംഗത്വമെടുക്കാമെന്നും ജയരാജൻ വ്യക്തമാക്കുന്നു. മുസ്ലിം ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറഞ്ഞിട്ടില്ലെന്ന് സത്താർ പന്തല്ലൂരിനെ ഓർമിപ്പിക്കാനും ഒരുപക്ഷേ ഇന്ന് ജയരാജന് മാത്രമേ കഴിയൂ.
ഇസ്ലാം വിശ്വാസികൾ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്തുക എന്നത് തന്നെയാണ് സമസ്തയടക്കം ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിലവിളക്ക് വിഷയങ്ങൾ പോലുള്ളവയിലടക്കം സമസ്തയെടുക്കുന്ന കടുത്ത വർഗീയ നിലപാടുകൾ കേരളത്തിന്റെ മതനിരപേക്ഷതയെ തന്നെ ബഫർ സോണിൽ നിർത്തുന്നതാണ്. പലപ്പോഴും മൃദുനയങ്ങൾ സ്വീകരിക്കുകയും കുറച്ചെങ്കിലും മതനിരപേക്ഷത പുലർത്തുകയും ചെയ്യുന്ന ലീഗിന് പോലും ഈയടുത്ത കാലത്ത് സമസ്ത പോലുള്ള തീവ്ര സംഘടനകളുടെ സമ്മർദം മൂലം വർഗീയതയ്ക്കൊപ്പം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.
അവസാനമായി, സമസ്തയോടും സത്താർ പന്തല്ലൂരിനോടും മറ്റെല്ലാ തീവ്ര വർഗീയ ആശയധാരികളോടും പറയാനുള്ളത് ഇത് മാത്രമാണ്- “ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോൽ! അത് നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തികളിലാണ് തൂക്കിയിട്ടിരിക്കുന്നത്. ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. അല്ലാതെ ഓരോരുത്തരുടെയും പാർട്ടി മെമ്പർഷിപ്പിലേക്കല്ല!”






