വഡോദര: ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സി-295 സൈനിക ചരക്ക് വിമാനം ഗുജറാത്തിലെ വഡോദരയിൽ വിജയകരമായി ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. രാജ്യത്തിന്റെ വ്യോമയാന-പ്രതിരോധ നിർമാണ രംഗത്തെ സുപ്രധാന നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്.
വഡോദരയിലെ അന്തിമ സംയോജന ശൃംഖലയിൽ നിന്ന് ബുധനാഴ്ചയാണ് വിമാനത്തിന്റെ കന്നി പരീക്ഷണ പറക്കൽ നടന്നത്. കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വിമാനം നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്കായി രാജ്യത്ത് നിർമിക്കുന്ന 40 സി-295 വിമാനങ്ങളിൽ ആദ്യത്തേതാണിത്.
ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ നിർമിക്കുന്ന ആദ്യ സൈനിക വിമാനമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. എയർബസിനും ടാറ്റ ഗ്രൂപ്പിനും പുറമേ രാജ്യത്തെ നിരവധി ചെറുകിട-ഇടത്തരം സംരംഭങ്ങളും വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ നിർമിക്കുന്നതിൽ പങ്കാളികളായിട്ടുണ്ട്.
ഈ വർഷം തന്നെ ഇന്ത്യയിൽ നിർമിച്ച ആദ്യ സി-295 വിമാനം വ്യോമസേനയ്ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗതം, നിരീക്ഷണ ദൗത്യങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ബഹുമുഖ വിമാനമാണിത്.
2024 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്നാണ് വഡോദരയിലെ ഈ നിർമാണശാല ഉദ്ഘാടനം ചെയ്തത്.






