കൊല്ലം: കൊല്ലം ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇരുവരും നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, വയനാട് ജില്ലയിലും ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി ഉയർന്നിട്ടുണ്ട്.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിലേക്ക് പ്രവേശിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല രോഗത്തിന് കാരണമാകുന്നത്. കഠിനമായ വയറിളക്കം, വയറുവേദന, ഛർദി, ഉയർന്ന പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുന്ന സാഹചര്യത്തിൽ സമയബന്ധിത ചികിത്സ നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മുൻകരുതലുകൾ
- തിളപ്പിച്ചോ ശുദ്ധീകരിച്ചോ വെള്ളം മാത്രം കുടിക്കുക.
- കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
- ഭക്ഷണം എപ്പോഴും മൂടിവയ്ക്കുക.
- പഴകിയ ഭക്ഷണങ്ങളും പലതവണ ചൂടാക്കിയ ഭക്ഷണങ്ങളും ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക.
- രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
- രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ധാരാളമായി കഴിക്കുക.
- കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നത് ഉറപ്പാക്കുക.
രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.






