കൊച്ചി: 15 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യുവതിയെ കേരള ഹൈക്കോടതി കുറ്റവിമുക്തയാക്കി. 2023 നവംബറിൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നിലെ കടുത്ത മാനസിക സമ്മർദ്ദവും മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും പരിഗണിച്ചാണ് കോടതി യുവതിക്ക് അനുകൂലമായി വിധി പറഞ്ഞത്.
2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നേരിട്ടതായി പറയുന്ന സ്ത്രീധന പീഡനവും മാനസിക പീഡനവും മൂലം കടുത്ത മാനസിക ആഘാതത്തിലായിരുന്ന യുവതി സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. 14 പാരസെറ്റമോൾ ഗുളികകൾ കഴിക്കുകയും കൈത്തണ്ട മുറിക്കുകയും ചെയ്ത യുവതി അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ സെക്ഷൻ 115 പ്രകാരം ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വ്യക്തി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നിയമം അനുമാനിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ നടത്തിയ പ്രവൃത്തികളെ നിയമപരമായി വിലയിരുത്തുമ്പോൾ മാനസികാവസ്ഥയ്ക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസ് വിചാരണ ആരംഭിച്ചത് 2021-ലായതിനാൽ അന്നേക്കും പ്രാബല്യത്തിലുണ്ടായിരുന്ന മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ ആനുകൂല്യങ്ങൾ സെഷൻസ് കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ആത്മഹത്യാശ്രമത്തിന്റെ തീവ്രതയല്ല, അതിന് പിന്നിലെ മാനസികാവസ്ഥയാണ് പ്രധാനമെന്ന് കോടതി വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി ഗുളികകൾ കഴിക്കുകയും കൈ മുറിക്കുകയും ചെയ്ത നടപടി ആത്മഹത്യാശ്രമമായി തന്നെ കണക്കാക്കേണ്ടതാണെന്നും വിധിയിൽ പറയുന്നു.
സംഭവസമയത്ത് യുവതി കടുത്ത മാനസിക സമ്മർദ്ദവും വൈകാരിക തകർച്ചയും നേരിട്ടിരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൊലക്കുറ്റവും ജീവപര്യന്തം തടവുശിക്ഷയും ഹൈക്കോടതി റദ്ദാക്കി. യുവതിയെ ഉടൻ ജയിൽ മോചിതയാക്കാനും കോടതി ഉത്തരവിട്ടു.
ഗാർഹിക പീഡനവും ഗുരുതര മാനസികാരോഗ്യ പ്രതിസന്ധിയും നേരിടുന്ന വ്യക്തികളുടെ നിയമപരമായ സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ വിധിയായാണ് ഇതിനെ നിയമവിദഗ്ധർ വിലയിരുത്തുന്നത്.






