കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയിലെ മൂന്ന് വയസുകാരനാണ് രോഗം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ വയനാട് കോളയാടി സ്കൂളിലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു.
ഈ വർഷം സംസ്ഥാനത്ത് 110ൽ അധികം പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 പേർക്കായിരുന്നു രോഗബാധ. 2025-ൽ 132 പേർക്കും, 2024-ൽ 121 പേർക്കും, 2023-ൽ 90 പേർക്കും, 2022-ൽ 83 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ ജില്ലകളിലേക്ക് രോഗവ്യാപനം ഉണ്ടായിട്ടുണ്ടെന്നും, ഈ വർഷത്തെ സാഹചര്യം അസാധാരണമാണെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
കുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.






