പാലക്കാട്: പാലക്കാട് ജില്ലയിൽ വാഹന രജിസ്ട്രേഷനിൽ തുടർച്ചയായ വർധന രേഖപ്പെടുത്തി. 2024-നെ അപേക്ഷിച്ച് 2025-ൽ 7,168 വാഹനങ്ങൾ അധികമായി രജിസ്റ്റർ ചെയ്തതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു.
മലപ്പുറത്തും പാലക്കാട്ടും വാഹന രജിസ്ട്രേഷൻ 10 ശതമാനം കുറഞ്ഞതായി ഗതാഗതമന്ത്രി സി.പി. ജോൺ കഴിഞ്ഞ മാസം പരാമർശിച്ചിരുന്നെങ്കിലും ഔദ്യോഗിക കണക്കുകൾ അതിന് വിരുദ്ധമായ ചിത്രമാണ് നൽകുന്നത്. 2024-ൽ ജില്ലയിലെ ആറ് ആർടിഒ ഓഫീസുകളിലായി 48,283 വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ, 2025-ൽ ഇത് 55,451 ആയി ഉയർന്നു. 2023-ൽ 47,880 വാഹനങ്ങളായിരുന്നു രജിസ്റ്റർ ചെയ്തത്.
2026-ലെ ആദ്യ ആറുമാസത്തിനിടെ മാത്രം 26,379 വാഹനങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. നിലവിലെ പ്രവണത തുടർന്നാൽ ഈ വർഷവും രജിസ്ട്രേഷൻ വർധിക്കുമെന്നാണ് വിലയിരുത്തൽ.
ഈ വർഷം ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് പെട്രോൾ വാഹനങ്ങളാണ്. 28,124 പെട്രോൾ വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ, 3,367 ഇലക്ട്രിക് വാഹനങ്ങളും 2,518 ഡീസൽ വാഹനങ്ങളും നിരത്തിലിറങ്ങി. ഇരട്ട ഇന്ധന സംവിധാനം ഉപയോഗിക്കുന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
താലൂക്ക് അടിസ്ഥാനത്തിൽ നോക്കുമ്പോൾ പാലക്കാടാണ് മുന്നിൽ. 6,804 വാഹനങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്തു. പട്ടാമ്പിയിൽ 6,168, ഒറ്റപ്പാലത്ത് 4,774, മണ്ണാർക്കാട് 3,666, ചിറ്റൂരിൽ 3,614, ആലത്തൂരിൽ 3,098 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് കണക്ക്.





