മലപ്പുറം: പുളിങ്കാവ് മലറോഡിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ കഞ്ചാവ്, തൂക്കാൻ ഉപയോഗിച്ച ത്രാസ്, ഒരു മൊബൈൽ ഫോൺ, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ചെന്ന് കരുതുന്ന 18,645 രൂപ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു.
യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗൺ മേഖലകളിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും ലഹരിവസ്തു വിൽപ്പന നടത്തിയിരുന്നതായി പ്രതി മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു.
കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, മുഹമ്മദ് റിയാസ്, ഡ്രൈവർ അനീഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.




