ലഖ്നൗ: വിവാഹവാഗ്ദാനം നൽകി 25-ലധികം സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ മീരാ-ഭയന്ദർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് യൂണിറ്റ്-1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് ഇയാളെ പിടികൂടിയത്.
മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെയും പത്രപരസ്യങ്ങളിലൂടെയും വിവാഹമോചിതരായ സ്ത്രീകളെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ വ്യാജ പേരുകളും രേഖകളും ഉപയോഗിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയശേഷം വൻതുകകൾ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതി.
വൈകാരികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വിശ്വാസം നേടുകയും, പിന്നീട് വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഘട്ടംഘട്ടമായി പണം തട്ടിയെടുക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25-ലധികം സ്ത്രീകൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
സ്ത്രീകളിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയ ഒരു ആഡംബര കാർ പോലീസ് പിടിച്ചെടുത്തു. കേസിൽ പ്രതിയുടെ മകനും പങ്കാളിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് ഇയാളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും കൂടുതൽ ഇരകളെ കണ്ടെത്തുന്നതിനും തട്ടിപ്പിന്റെ വ്യാപ്തി പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.






