ബെംഗളൂരു: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോക്റോച്ച് ജനത പാർട്ടി (CJP). നാളെ വൈകിട്ട് 4 മണി മുതൽ 6 മണി വരെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ബെംഗളൂരുവിലും സമാനമായ പ്രതിഷേധത്തിന് കോക്റോച്ച് ജനത പാർട്ടി തയ്യാറെടുക്കുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കണമെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് ആഹ്വാനം ചെയ്തു. പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചതായി അദ്ദേഹം ആരോപിച്ചു.
നീറ്റിൽ നടന്ന ക്രമക്കേടുകളെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിവിധ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും പല നഗരങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.





