കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പാർട്ടിയുടെ ലോക്സഭാ നേതാവും മുതിർന്ന എംപിയുമായ സുദീപ് ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനിടെ പാർട്ടിയിൽ നിന്ന് വിട്ടുനിന്ന വിമത എംപി ശതാബ്ദി റോയിയും സുദീപ് ബന്ദോപാധ്യായയ്ക്കൊപ്പം ഭൂപേന്ദർ യാദവിനെ കണ്ടിരുന്നു.
അതേസമയം, തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മാനസ് ഭൂനിയ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്നുള്ള വിമത നീക്കം പാർലമെന്റിൽ തൃണമൂലിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ 19 വിമത എംപിമാർ തങ്ങളാണ് യഥാർത്ഥ തൃണമൂൽ എംപിമാർ എന്ന് അവകാശപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട്. ഇവർ പ്രത്യേക വിഭാഗമായി ഇരിക്കാൻ അനുമതി തേടി ലോക്സഭാ സ്പീക്കർ ഓം ബിർളയെ കാണാനിരിക്കുകയാണ്.
തൃണമൂലിന്റെ ആകെ 28 എംപിമാരിൽ 19 പേർ ഇതിനകം വിമത പക്ഷത്താണെന്നും, സുദീപ് ബന്ദോപാധ്യായ കൂടി ചേർന്നാൽ ഇത് 20 ആകുമെന്നും വിമത നേതാക്കൾ പറയുന്നു. സ്പീക്കറുടെ അംഗീകാരം ലഭിച്ചാൽ എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, സുദീപ് ബന്ദോപാധ്യായയുടെ നീക്കത്തെ തൃണമൂൽ കോൺഗ്രസ് ശക്തമായി വിമർശിച്ചു. അദ്ദേഹം “വഞ്ചകൻ” ആണെന്നും അധികാര മോഹമാണ് പാർട്ടി വിടാനുള്ള കാരണമെന്നും പാർട്ടി വക്താവ് കുനാൽ ഘോഷ് ആരോപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്നിൽ നിന്ന് കുത്തിയെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.






