ബെംഗളൂരു: ബെംഗളൂരുവിൽ വാഹനങ്ങളുടെ എണ്ണം ജനസംഖ്യയെ മറികടക്കുന്ന സാഹചര്യം അധികം വൈകാതെ ഉണ്ടാകുമെന്ന് വിലയിരുത്തൽ. നഗരത്തിലെ വാഹനവളർച്ച ജനസംഖ്യാ വർധനയെക്കാൾ ഏറെ വേഗത്തിലാണ് മുന്നേറുന്നത്. ജനസംഖ്യാ വളർച്ച നാല് ശതമാനത്തിൽ താഴെയായിരിക്കുമ്പോൾ വാഹനങ്ങളുടെ എണ്ണം വർഷംതോറും ഏകദേശം 10 ശതമാനം നിരക്കിൽ ഉയരുന്നതായാണ് കണക്ക്.
നിലവിൽ നഗരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1.25 കോടിയിലധികമാണ്. രാജ്യത്തെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ജനസംഖ്യാ വർധനയും വാഹനപ്പെരുപ്പവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് റോഡ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. സ്ഥലപരിമിതി കാരണം പുതിയ റോഡുകൾ നിർമ്മിക്കുന്നതും നിലവിലുള്ള റോഡുകൾ വികസിപ്പിക്കുന്നതും ദുഷ്കരമായിരിക്കുകയാണ്.
2011ലെ സെൻസസ് പ്രകാരം ബെംഗളൂരുവിന്റെ ജനസംഖ്യ 85.2 ലക്ഷമായിരുന്നു. നിലവിൽ അത് ഒന്നര കോടി പിന്നിട്ടിരിക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം വാഹനങ്ങളുടെ എണ്ണത്തിലും ഇരട്ടിയിലേറെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നഗരത്തിൽ രജിസ്റ്റർ ചെയ്ത 1.25 കോടി വാഹനങ്ങൾക്ക് പുറമെ കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത നിരവധി വാഹനങ്ങളും ബെംഗളൂരുവിലെ റോഡുകളിൽ സ്ഥിരമായി സഞ്ചരിക്കുന്നുണ്ട്. ഇത് നഗരത്തിലെ ഗതാഗതഭാരം കൂടുതൽ വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.






