തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിനുള്ള തിരക്കുകൾ കാരണം ജൂൺ 19 വരെ സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചു. ഈ താൽക്കാലിക അസൗകര്യത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും സംസ്ഥാനത്തിന്റെ മികച്ച ഭാവിക്കായുള്ള ദൗത്യത്തിൽ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഈ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതികൾ നടപ്പാക്കുന്നതിനായി എത്ര തുക വകയിരുത്തുമെന്നതാണ് പ്രധാനമായും ശ്രദ്ധേയമാകുന്നത്. ഇന്ന് മുതൽ ആരംഭിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിക്കുള്ള ധനസഹായം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന ക്ഷേമത്തിനായുള്ള വകയിരുത്തൽ എന്നിവയുൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.




