വൈകുന്നേര ചായയ്‌ക്കൊപ്പം കഴിക്കാൻ ആരോഗ്യകരവും രുചികരവുമായ ഒരു സ്നാക്ക് തേടുകയാണോ? എങ്കിൽ മധുരക്കിഴങ്ങ് കട്ലറ്റ് മികച്ചൊരു ചോയ്സാണ്. സാധാരണ ഉരുളക്കിഴങ്ങ് കട്ലറ്റിനേക്കാൾ പോഷകഗുണങ്ങൾ കൂടുതലുള്ള മധുരക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ചേരുവകൾ
മധുരക്കിഴങ്ങ് – 3 എണ്ണം (ഇടത്തരം വലുപ്പം)
സവാള – 1 എണ്ണം (നന്നായി അരിഞ്ഞത്)
പച്ചമുളക് (അരിഞ്ഞത്) – 2 മുതൽ 3 വരെ
ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 3 അല്ലി (ചതച്ചത്)
മല്ലിയില – 2 ടേബിൾസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബ്രെഡ് ക്രംബ്സ് – 1 കപ്പ്
കോട്ടിംഗിനായി
മൈദ – 3 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
ബ്രെഡ് ക്രംബ്സ് – 1 കപ്പ്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മധുരക്കിഴങ്ങ് നന്നായി കഴുകി പ്രഷർ കുക്കറിലോ സാധാരണ പാത്രത്തിലോ വേവിച്ചെടുക്കുക. നന്നായി വെന്ത ശേഷം തണുപ്പിച്ച് തൊലി കളഞ്ഞ് ഒരു പാത്രത്തിൽ ഇട്ട് ഉടച്ചെടുക്കുക. ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. സവാള അല്പം മൃദുവാകുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക. ഈ മിശ്രിതം ഉടച്ചുവച്ച മധുരക്കിഴങ്ങിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം വളരെ മൃദുവാണെങ്കിൽ കുറച്ച് ബ്രെഡ് ക്രംബ്സ് ചേർത്ത് കട്ടിയാക്കാം.
ഇനി കൈയിൽ അല്പം എണ്ണ പുരട്ടി മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കട്ലറ്റിന്റെ ആകൃതിയിൽ പരത്തുക. ഷേപ്പ് ആക്കിയവ ഒരു പ്ലേറ്റിൽ അടുക്കി വക്കുക. ഇനിയാണ് കോട്ടിങ്. അതിനായി മൈദയും വെള്ളവും ചേർത്ത് കട്ടിയില്ലാത്ത ഒരു മിശ്രിതം ഉണ്ടാക്കുക. ഓരോ കട്ലറ്റും ആദ്യം ഈ മിശ്രിതത്തിൽ മുക്കിയ ശേഷം ബ്രെഡ് ക്രംബ്സിൽ നന്നായി പൊതിയുക. ഇതാണ് കട്ലറ്റിന് പുറത്ത് നല്ല ക്രിസ്പിയായ പാളി ലഭിക്കാൻ സഹായിക്കുന്നത്. ഇനി നമുക്ക് വറുത്തെടുക്കാം. ഒരു ചട്ടിയിൽ ആവശ്യത്തിന് എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായ ശേഷം കട്ലറ്റുകൾ ഓരോന്നായി ഇട്ട് ഇരുവശവും സ്വർണനിറമാകുന്നതുവരെ വറുത്തെടുത്താൽ മധുരക്കിഴങ്ങ് കട്ലറ്റ് തയ്യാർ.




