കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഗവൺമെൻറ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു.
കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷ് (21) നാണ് കഴിഞ്ഞ രാത്രി കടിയേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാനായി മൂന്നാം നിലയിലെ ലബോറട്ടറിയിലേക്ക് പോയപ്പോഴാണ് സംഭവം.
ഇതിനിടെ മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന തെരുവുനായ അബിന് നേരെ ചാടിവീഴുകയായിരുന്നു. കൈവീശി പ്രതിരോധിച്ചതിനാൽ കൈയിൽ കടിയേറ്റതോടെ വലിയ പരിക്ക് ഒഴിവായതായി അബിൻ അറിയിച്ചു.
തുടർന്ന് ആശുപത്രി ലാബ് ജീവനക്കാർ ഉടൻ തന്നെ കൈ സോപ്പിട്ട് കഴുകുകയും പ്രതിരോധ കുത്തിവെപ്പ് നൽകുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അബിന്റെ അമ്മ ആരോപിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ നായകൾ ആശുപത്രിക്കുള്ളിലേക്ക് കടക്കുന്നതും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നതും സാധാരണമാണെന്നും ആരോപണമുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഡിഎംഒയുടെ ചുമതല വഹിക്കുന്ന ബി. സന്തോഷ് അറിയിച്ചു.




