തിരുവനന്തപുരം: കൊല്ലം ആർ.ടി. ഓഫീസിൽ വൻ ക്രമക്കേട് കണ്ടെത്തി. മറ്റ് ആർ.ടി. ഓഫീസുകളുടെ പരിധിയിലുള്ള 512 വാഹനങ്ങൾക്ക് നിയമവിരുദ്ധമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായി ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ ഓഫീസ് ജീവനക്കാർ വരെ ക്രമക്കേടിൽ പങ്കാളികളായതായി കണ്ടെത്തിയിട്ടുണ്ട്.
ഓഫീസ് മേധാവിയുടെ അനുമതിയില്ലാതെ മറ്റ് ജില്ലകളിൽ നിന്നെത്തിയ വാഹനങ്ങൾ ഇൻസ്പെക്ടർമാർ പരിശോധിക്കുകയും ജീവനക്കാരുടെ സഹായത്തോടെ വ്യാജ ഫയൽ നമ്പറുകൾ സൃഷ്ടിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുകയും ചെയ്തിരുന്നതായാണ് കണ്ടെത്തൽ. കഴിഞ്ഞ നാല് മാസത്തിനിടെ 1,964 വാഹനങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി മറ്റ് ജില്ലകളിൽ നിന്ന് കൊല്ലം ആർ.ടി. ഓഫീസിലെത്തിയത്.
ചില വാഹനങ്ങൾക്ക് യഥാർത്ഥ പരിശോധന പോലും നടത്താതെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് വടക്കൻ ജില്ലകളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊല്ലത്തെത്തിയിരുന്നതെന്നാണ് സൂചന. യാത്രക്കാരുടെ സുരക്ഷയെ പോലും അപകടത്തിലാക്കുന്ന തരത്തിൽ പഴക്കംചെന്ന വാഹനങ്ങൾക്കും ഫിറ്റ്നസ് അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇൻസ്പെക്ടർ ജി.കെ. അജയകുമാറിനെയും അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർ എസ്. മഞ്ജുവിനെയും ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിനേശ് കീർത്തി, ബിജുകുഞ്ഞുമോൻ, അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർ പി.എ. രാംജിത്ത്, എസ്. സതീഷ്, ഷബീർ അലി, സീനിയർ സൂപ്രണ്ട് ജി. ദിലീപ് കുമാർ, ഹെഡ് ക്ലർക്ക് എസ്. സാബു എന്നിവർക്കെതിരെയും വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
അതേസമയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് ഗതാഗത കമ്മിഷണറേറ്റിന്റെ വിശദീകരണം.






