തിരുവനന്തപുരം: ബജറ്റിനിടെ മുഖ്യമന്ത്രി വിഡി സതീശന് വീര്യംകുറഞ്ഞ മദ്യത്തിനായി കുറഞ്ഞ നികുതി ഘടന പ്രഖ്യാപിച്ചതില്‍ ഒടുങ്ങാതെ വിവാദം. പാര്‍ട്ടി നേതൃത്വത്തിന്റെയോ എക്സൈസ് വകുപ്പുമന്ത്രി എം ലിജുവിന്റെയോ അറിവില്ലാതെയാണ് ധനവകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നാണ് വിമർശനം. പ്രതിപക്ഷം നേരത്തെ തന്നെ വിഷയത്തില്‍ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും വിമർശനം ഉയരുന്നത്.
വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തില്‍ പ്രതിഷേധമറിയിക്കാന്‍ എം ലിജു ഇന്ന് മുഖ്യമന്ത്രിയെ കാണും. നിയമസഭയിലാവും കൂടിക്കാഴ്ച. നിയമസഭയിലെ ബജറ്റിന്മേലുള്ള ചര്‍ച്ചയിലും ഇത് പ്രധാന വിഷയമാകും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനു പുറമെ ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചര്‍ച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിര്‍പ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. മുഖ്യമന്ത്രി വിഡി സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോണ്‍ഗ്രസിലും എതിര്‍പ്പുയര്‍ന്നിരുന്നു.






