കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. നടനും മുൻ ഭാരവാഹിയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി പ്രവർത്തിക്കുക. നടന്മാരായ കലാഭവൻ ഷാജോൺ ഗണേഷ്‌കുമാർ നടി കൃഷ്ണ പ്രഭ എന്നിവരും കമ്മിറ്റിയിലുണ്ട്.
സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെയാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായത്. പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഇടക്കാല സംവിധാനത്തിന് രൂപം നൽകിയത്…പാവയാകാൻ പറ്റിയാലേ ഭാരവാഹിയായിരിക്കാനാകൂ എന്നും, തന്നെ അതിനു കിട്ടില്ലെന്നും തുറന്നടിച്ച പ്രസിഡന്റ് ശ്വേത മേനോൻ, ആ സ്ഥാനം മാത്രമല്ല, പ്രാഥമികാംഗത്വവും രാജിവച്ചു. തുടർന്ന് 17 അംഗ എക്സ്ക്യൂട്ടിവും ഒഴിഞ്ഞു .
തുടർന്നാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള 9 അംഗ കമ്മിറ്റി താൽക്കാലികമായി ചുമതലയേറ്റിരിക്കുന്നത്. നാല് മാസമാണ് കമ്മറ്റിയുടെ കാലാവധി സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പുതിയ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതാകും കമ്മിറ്റിയുടെ പ്രധാന ചുമതല.
ഭരണസമിതിക്കെതിരായ വിമർശനങ്ങളും ആഭ്യന്തര ഭിന്നതകളും രൂക്ഷമായ സാഹചര്യത്തിലാണ് രാജി നടന്നത്. ഇതോടെ ‘അമ്മ’യുടെ ഭാവി പ്രവർത്തനങ്ങൾ അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടരാനാണ് തീരുമാനം.






