കൊച്ചി: നടനും ‘അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ടിനി ടോം അമ്മ അംഗങ്ങൾക്ക് തുറന്ന കത്ത് പങ്കുവെച്ചു. അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ തന്നെ ലക്ഷ്യമിട്ടിരുന്നുവെന്ന് കത്തിൽ ടിനി ടോം ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, അന്വേഷണത്തിൽ തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
2018 മുതൽ അമ്മയുടെ എക്‌സിക്യൂട്ടീവിൽ പ്രവർത്തിക്കാൻ അവസരം നൽകിയ അംഗങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ടിനി ടോമിന്റെ കത്ത് തുടങ്ങുന്നത്. മുൻ പ്രസിഡന്റ് മോഹൻലാലിൻറെ നേതൃത്വത്തിലും നിലവിലെ ഭരണസമിതിയുടെ കീഴിലും ആത്മാർഥമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് താൻ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതെന്നു അദ്ദേഹം ആരോപിച്ചു . എന്നാൽ ഉയർന്നുവന്ന ആരോപണങ്ങൾ പൊലീസ് നിരുപാധികം തള്ളിക്കളഞ്ഞ് തനിക്ക് ക്ലീൻ ചിറ്റ് നൽകിയെന്നും ടിനി ടോം അവകാശപ്പെട്ടു. ഇതൊന്നും മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തിരുന്നുവെന്നും അദ്ദേഹം കത്തിൽ കുറിച്ചു .
“സത്യമേ ജയിക്കൂ, അതാണ് തെളിഞ്ഞത്. ആരോടും പറയാതെ പിന്മാറിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ വിളികൾ ഞാൻ അവഗണിക്കില്ല. എനിക്ക് കഴിയുന്ന വിധത്തിൽ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും,” എന്ന് കത്തിൽ ടിനി ടോം വ്യക്തമാക്കി.
അതേസമയം, അമ്മ എക്‌സിക്യൂട്ടീവിൽ നിന്നുമാത്രമാണ് താൻ രാജിവെച്ചതെന്നും സംഘടനയിലെ അംഗത്വം തുടരുകയാണെന്നും ടിനി ടോം വിശദീകരിച്ചു. അമ്മയിലെ സമീപകാല വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ തുറന്ന കത്ത് ശ്രദ്ധ നേടുന്നത്.






