കോയമ്പത്തൂർ: കോയമ്പത്തൂരിൽ ശ്മശാനത്തിൽ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് മൂന്നര പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ശൗരിപാളയം ഉടയംപാളയം സ്വദേശികളായ ശക്തിവേൽ, മണികണ്ഠൻ, കാർത്തികേയൻ എന്നിവരെയാണ് പീളമേട് പൊലീസ് അറസ്റ്റ് ചെയ്തത്. കെ. വെങ്കടേഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂൺ 6-നാണ് വെങ്കടേഷിന്റെ അച്ഛൻ നാഗരാജ് മരിച്ചത്. തുടർന്ന് ശൗരിപാളയം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. എന്നാൽ നാഗരാജ് ധരിച്ചിരുന്ന സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റിയിരുന്നില്ല. ജൂൺ 19-ന് ബന്ധുക്കൾ ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിൽ എത്തിയപ്പോൾ മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് മണ്ണ് ഇളക്കിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്തായത്.
മൂന്നുപേരും ചേർന്ന് മൃതദേഹം പുറത്തെടുത്ത് മാല മോഷ്ടിച്ചതായും, പിന്നീട് അത് പൂ മാർക്കറ്റ് ഭാഗത്തെ ഒരു കടയിൽ വിറ്റതായും ബന്ധുക്കൾ ആരോപിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് പീളമേട് പൊലീസ് അന്വേഷണം നടത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. അതേസമയം, തങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ മണികണ്ഠൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാഗരാജിന്റെ ബന്ധുക്കളായ മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






