തിരുവനന്തപുരം: കേരളത്തെ ലഹരിമരുന്ന് കെണിയിൽ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകൾ ഇല്ലാതാക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താൻ നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്റലിജൻസ് അധിഷ്ഠിതമായ നിയമനടപടികൾ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവയെ ഫലപ്രദമായി നേരിടുന്നതിന് അയൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണ്. കേരളവും കർണാടകയും, തമിഴ്നാടും, പുതുച്ചേരിയും തമ്മിലുള്ള അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർത്ഥി ശൃംഖലകൾ, നഗര വിതരണ കേന്ദ്രങ്ങൾ എന്നിവ മയക്കുമരുന്ന് മാഫിയകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മേഖലകളാണ്. ഇത്തരം സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതിന് തത്സമയ വിവര കൈമാറ്റം, സംയുക്ത ഓപ്പറേഷനുകൾ, ഏകോപിത ആസൂത്രണം എന്നിവ അനിവാര്യമാണ്. അതിനായി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു ചേർത്ത് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു.






