ബക്കാഡി ഇടപാടിൽ രണ്ട് ദിവസം വിഡി സതീശൻ മാത്രമായിരുന്നു ചർച്ചകളിൽ കേന്ദ്രബിന്ദു. എന്നാൽ പിന്നീട് സഭയിൽ അദ്ദേഹം മറുപടി നൽകിയതിന് പിന്നാലെ കാര്യങ്ങളിൽ ചെറിയ ഇളക്കങ്ങൾ വന്നു തുടങ്ങിയിരിക്കുകയാണ്. മുൻ ഇടത് സർക്കാരുകളിലേക്കും അന്നത്തെ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ സിപിഎം പാർട്ടി സെക്രട്ടറിയുമായ എംവി ഗോവിന്ദനിലേക്കുമാണ് മുഖ്യമന്ത്രി വിരൽ ചൂണ്ടുന്നത്. സർക്കാരിനെതിരെ സിപിഎം പോർമുഖം തുറക്കുമ്പോൾ, ഇതേ കമ്പനിയുടെ അപേക്ഷയിൽ പിണറായി സർക്കാരിലെ 2 മന്ത്രിമാർ അനുകൂല നടപടികൾ സ്വീകരിച്ചതിനു രേഖ പുറത്ത് വന്നതോടെയാണ് കാറ്റ് ചെറുതായി മാറി വീശാൻ തുടങ്ങിയത്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നൽകി പിണറായി സർക്കാരിന്റെ കാലത്ത് ഭരണതലത്തിൽ നടത്തിയ ഫയൽ നീക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
രണ്ടാം പിണറായി സർക്കാരിൽ എക്സൈസ് മന്ത്രിമാരായിരുന്ന എം.വി.ഗോവിന്ദനും എം.ബി.രാജേഷുമാണു മദ്യവിൽപനയ്ക്കു വഴിയൊരുക്കാനുള്ള നടപടികൾക്കു പച്ചക്കൊടി കാട്ടിയതെന്നാണ് രേഖകകൾ മുൻനിർത്തി വരുന്ന ആരോപണം. വീര്യം കുറഞ്ഞ മദ്യത്തിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കാൻ മുന്നിട്ടിറങ്ങിയ സിപിഎമ്മിനെ തിരിഞ്ഞുകുത്തുന്നതാണ് മന്ത്രിയായിരിക്കെ, നിലവിലെ പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ ഗോവിന്ദൻ സ്വീകരിച്ച നടപടികൾ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ എൽഡിഎഫിനെ നേരിട്ടത്.
വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തേക്കു വരുന്നത് അപകടമാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടാണു എൽഡിഎഫ് സർക്കാർ അതിന് നികുതി നിശ്ചയിക്കാതിരുന്നതെന്നാണ് കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. എന്നാൽ, വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലാത്തതാണെന്ന നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ കുറിപ്പ് അംഗീകരിച്ചാണ് ആ വിഭാഗത്തിലുള്ള മദ്യം വിൽക്കാൻ മന്ത്രിയായിരിക്കെ ഗോവിന്ദൻ അനുമതി നൽകിയതെന്ന ആരോപണത്തിന് ചെറുതല്ലാത്ത ഗുരുതര സ്വഭാവമുണ്ട്. 2021 നവംബർ 16ന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി എഴുതിയ കുറിപ്പ് ഇങ്ങനെ: ‘വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന ബവ്റിജസ് കോർപറേഷൻ മുഖേനയായതിനാൽ നിശ്ചിത പ്രായപരിധിക്കു മുകളിലുള്ളവർക്കു മാത്രമേ അതു ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്താവുന്നതാണ്. ആയതിനാൽ, ഇത്തരം മദ്യം ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുമോയെന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണ്. വീര്യമുള്ള മദ്യം പോലെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും കാണുന്നില്ല. ടൂറിസം, ഐടി മേഖലകളിൽ ഉണർവുണ്ടാക്കുന്നതിനും സഹായകരമാണ്’ ഇതാണ് ഇപ്പോൾ എംവി ഗോവിന്ദനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
മദ്യം വിൽക്കാൻ അനുമതിതേടി ഒന്നാം പിണറായി സർക്കാരിനെയും ബക്കാഡി സമീപിച്ചതിന്റെ രേഖ ഫയലിലുണ്ട്. ഇക്കാര്യം നേരത്തെ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും വെളിപ്പെടുത്തിയിരുന്നു. ബവ്കോയുടെ ടെൻഡറിൽ പങ്കെടുക്കാൻ അനുമതി തേടി 2017 ജൂൺ 6ന് അന്നത്തെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനു കമ്പനി കത്ത് നൽകിയെങ്കിലും വീര്യം കുറവാണെന്ന കാരണത്താൽ അനുമതി നിഷേധിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്, 2021 സെപ്റ്റംബർ 17ന് എക്സൈസ് മന്ത്രി ഗോവിന്ദനു ബക്കാഡി കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടം ഭേദഗതി ചെയ്യാനുള്ള ഫയൽനീക്കം 2021 നവംബർ 16ന് ആരംഭിച്ചു. ഇതിനു പുറമേ എസ്ഡിഎഫ് ഇൻഡസ്ട്രീസ് എന്ന കമ്പനി 10– 20% വീര്യമുള്ള മദ്യത്തിന്റെ വിൽപനയ്ക്കും അനുമതി തേടി. ‘ബക്കാഡി ഇന്ത്യ, എസ്ഡിഎഫ് ഇൻഡസ്ട്രീസ് എന്നിവ നൽകിയ അപേക്ഷകളും സമാനമായ മറ്റ് അപേക്ഷകളും ഒരുമിപ്പിച്ച്, വീര്യം കുറഞ്ഞ മദ്യത്തിനു വ്യക്തമായ നിർവചനം നൽകി വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കുക’ എന്ന് 2021 നവംബർ 29ന് ഗോവിന്ദൻ ഫയലിൽ കുറിച്ചു.
0.5 – 20% വരെ വീര്യമുള്ള മദ്യത്തിന് അനുമതി നൽകി 2022 മാർച്ചിൽ സർക്കാർ മദ്യനയം ഭേദഗതി ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന അനുവദിക്കുന്നതിന് വിദേശമദ്യ ചട്ടം ഭേദഗതി ചെയ്യാനുള്ള എക്സൈസ് കമ്മിഷണറുടെ ശുപാർശയും ചട്ടഭേദഗതിയുടെ കരടും അതേവർഷം ജൂലൈ 25നു ഗോവിന്ദൻ അംഗീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ സ്ഥാനമൊഴിഞ്ഞ ഗോവിന്ദനു പിന്നാലെ രാജേഷ് എക്സൈസ് മന്ത്രിയായ ശേഷമായിരുന്നു തുടർനീക്കങ്ങൾ. വിവിധ വകുപ്പുകളുടെയും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെയും അനുമതിയോടെ ഭേദഗതി ചെയ്ത വിദേശമദ്യ ചട്ടം 2023 ജനുവരി ആറിന് രാജേഷ് അംഗീകരിച്ചു. അതുസംബന്ധിച്ച ഉത്തരവിറക്കാനും അനുമതി നൽകി.
എന്നാൽ ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് എംവി ഗോവിന്ദനും സിപിഎമ്മും ഇപ്പോഴും സ്വീകരിക്കുന്നത്. മദ്യനയത്തിലെ അഴിമതി പിടിക്കപ്പെട്ടപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് വൻതോതിൽ നികുതി ഇളവ് നൽകി മദ്യ വ്യവസായികൾക്ക് ലാഭമുണ്ടാക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതുവഴി സർക്കാർ ഖജനാവിൽ വർഷം 600-ലേറെ കോടി നഷ്ടപ്പെടുമെന്നാണ് മതിപ്പ് കണക്ക്. ഇത് മദ്യമൊഴുക്കുമെന്ന ആക്ഷേപവും ഉയർന്നുവന്നിട്ടുണ്ട്. ഇതിനുള്ള പരിഹാരം ഫിനാൻസ് ബില്ലിൽ നികുതി നിർദ്ദേശം ഒഴിവാക്കുകയെന്നതാണ്. ഈ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് ഈ കള്ളപ്രചാരണ നീക്കമെന്നാണ് ഗോവിന്ദൻ പറയുന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം ചോദിക്കുക മാത്രമാണ് എക്‌സൈസ് മന്ത്രി ആയിരുന്ന സമയത്ത് താൻ ചെയ്തതെന്ന് ഗോവിന്ദൻ ഉറപ്പിച്ച് പറയുന്നു. ആ ഫയല്‍ പിന്നീട് അനങ്ങിയിട്ടില്ല. മുന്‍ സര്‍ക്കാര്‍ പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല. മൂന്ന് വര്‍ഷവും അഞ്ച് മാസവും ചര്‍ച്ച ചെയ്യാതെ പോയ വിഷയമാണ് ഇപ്പോള്‍ വി ഡി സതീശന്‍ മൂന്ന് ദിവസം കൊണ്ട് തീര്‍പ്പാക്കിയതെന്നും അദേഹം കൂട്ടിച്ചേർത്തു.
കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധിത ഉൽപ്പന്ന എന്ന നിലയിൽ പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുകയെന്ന ആശയം ഇടത് സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് കർഷകർ ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നു. കെ കരുണാകരൻ നിയോഗിച്ച ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു. എന്നാൽ എന്താണ് വീര്യം കുറഞ്ഞ മദ്യമെന്നതിന് സംസ്ഥാനത്ത് ഇപ്പോഴും കൃത്യമായൊരു നിർവചനമില്ല എന്നത് തന്നെയാണ് ഈ സങ്കീർണതയ്ക്ക് ആക്കം കൂട്ടുന്നത്. എല്ലാം തുടങ്ങിയിട്ടത് ഗോവിന്ദനും എൽഡിഎഫ് സർക്കാരുമാണെന്ന് പറഞ്ഞ് വിവാദങ്ങളിൽ നിന്ന് തടിയൂരാൻ വിഡി സതീശൻ ആവുന്നത്ര ശ്രമിക്കുമ്പോൾ തങ്ങൾ കർഷകരെ സഹായിക്കാനാണ് ശ്രമിച്ചതെന്നും ഇപ്പോൾ യുഡിഎഫ് നയം ബക്കാർഡിക്ക് മാത്രം ഉപകാരപ്രദമാകുന്ന ഒന്നാണെന്നും പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഉറപ്പിച്ച് പറഞ്ഞ് സമരം കടുപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.






