തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്.
പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികമായ വിവരങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ 20-ലധികം പ്രതികളെ ഇനി പിടികൂടാനുണ്ടെന്നും ഒരാൾ വിദേശത്തേക്ക് കടന്നതായും കോടതിയിൽ അറിയിച്ചു.
അതേസമയം, കേസിലെ മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആക്രമണം ആസൂത്രിതമായിരുന്നുവെന്നും ഉദ്യോഗസ്ഥരെ കൊല്ലാനുള്ള ഉദ്ദേശത്തോടെയായിരുന്നു ആക്രമണമെന്നും നേരത്തെ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.എന്നാൽ, പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമണം നടന്നതെന്നും പ്രതിഷേധിക്കാനാണ് സ്ഥലത്തെത്തിയതെന്നും ആക്രമിക്കാൻ മുൻകൂട്ടി പദ്ധതിയില്ലായിരുന്നുവെന്നുമാണ് പ്രതികളുടെ വാദം.






