തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. അങ്കണവാടികളിലേക്ക് അനാവശ്യമായി ആളുകൾ പ്രവേശിക്കുന്നത് ഉൾപ്പെടെ നിയന്ത്രിക്കുന്നതിനാണ് തീരുമാനം.
കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. സംഭവത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അങ്കണവാടികളിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നതിൽ ഇനി മുതൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അങ്കണവാടി വർക്കറെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ 18-നാണ് കൊച്ചി എളമക്കരയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ അതിക്രമം നടന്നത്. അങ്കണവാടി ടീച്ചറുടെ മകനാണ് കേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.






