ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ നൽകിയ സംഭാവനകളിൽ നടന്ന ക്രമക്കേടുകളിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭാവന മോഷണത്തിന് പിന്നിൽ ക്ഷേത്ര ജീവനക്കാർ മാത്രമല്ലെന്നും “വലിയ തലങ്ങൾ” ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു.
ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുന്ന തരത്തിലുള്ള തട്ടിപ്പാണ് നടന്നതെന്നും, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനിടെ കോൺഗ്രസ് നേതാവ് പവൻ ഖേരയും വിഷയത്തിൽ പ്രതികരിച്ചു. ബിജെപിയും ആർഎസ്എസും സംഭവത്തിന് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാമക്ഷേത്ര പദ്ധതി ആരംഭംമുതൽ രാഷ്ട്രീയ മേൽനോട്ടത്തിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ക്ഷേത്ര ട്രസ്റ്റിലെ ഒരു ഉദ്യോഗസ്ഥൻ മോഷണ വിവരം മുൻപ് റിപ്പോർട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ അദ്ദേഹത്തെ പുറത്താക്കിയതായും ആരോപണമുണ്ട്. അന്വേഷണം ഡൽഹിയിലേക്കും നാഗ്പൂരിലേക്കും എത്തണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചിട്ടുണ്ട്.






