തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് ആലോചന ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയത്തിന് മുൻഗണന നൽകേണ്ട സാഹചര്യം രൂപപ്പെട്ടതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് വ്യക്തമാക്കി.
ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫുമായി യോജിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറാണെന്നും, പാർട്ടി ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷനിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ബിജെപി ഭരണസമിതിക്കെതിരെ ശക്തമായ സമരം തുടരാനാണ് എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ, തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുഡിഎഫ് കൗൺസിലർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. മർദ്ദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വനിതാ കൗൺസിലർമാരെ ഉൾപ്പെടെ ആക്രമിച്ചെന്ന ആരോപണം നേരിടുന്ന ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു. കൗൺസിൽ നടപടികൾ അട്ടിമറിക്കാനാണ് സംഘർഷം സൃഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കോർപ്പറേഷനിൽ ഭരണസ്തംഭനമോ ജനാധിപത്യ അട്ടിമറിയോ ഉണ്ടായാൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപ്രതിസന്ധിയില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മേയർ വി.വി. രാജേഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോർപ്പറേഷനിൽ നടന്നത് യുഡിഎഫ്–എൽഡിഎഫ് അതിക്രമമാണെന്നും അദ്ദേഹം ആരോപിച്ചു.






