തിരുവനന്തപുരം: കിഫ്ബി ഉപേക്ഷിക്കരുതെന്നും, വലിയ വികസന പദ്ധതികൾ നടപ്പാക്കാൻ കിഫ്ബി അനിവാര്യമാണെന്നും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. കിഫ്ബിയെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോയാൽ സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ പിന്തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷമായി കിഫ്ബിയിൽ നടന്ന പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ജി. സുധാകരൻ, വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ചുമതലയിൽ തുടരാൻ അനുവദിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും സർക്കാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയുടെ മുൻ സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെ പരോക്ഷമായി വിമർശിച്ച ജി. സുധാകരൻ, ചീഫ് സെക്രട്ടറിയായിരുന്ന ഒരാൾ വിരമിച്ച ശേഷം ചെറിയൊരു പദവിയിൽ തുടരുന്നതിനെ ചോദ്യം ചെയ്തു. അത്തരമൊരു നിയമനം നടത്തിയവർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ വികസന പ്രവർത്തനങ്ങളാണ് രണ്ടാം പിണറായി സർക്കാരിന്റെ വിജയത്തിന് പ്രധാന കാരണങ്ങളിലൊന്നായതെന്നും, അന്നുണ്ടാക്കിയ റോഡുകൾ ഇന്നും മികച്ച നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും, ജാഗ്രതയോടെയും ശ്രദ്ധയോടെയും പ്രവർത്തിച്ചാൽ സർക്കാർ കൂടുതൽ ഫലപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ സർക്കാരിൽ ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യ മേഖലയാണെന്നും ആരോഗ്യമന്ത്രിക്ക് കൂടുതൽ പിന്തുണ നൽകേണ്ട സാഹചര്യമാണെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.




