തൃശ്ശൂർ: എടമുട്ടം കൊല്ലാറ സ്വദേശി ജ്യോതി (32)യെയും പ്രസവിച്ച നവജാത ശിശുവിനെയും ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, യുവതിയുടെ സുഹൃത്തായ പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
പൊലീസ് അന്വേഷണത്തിൽ, യുവതിയും ഓട്ടോഡ്രൈവറും കുറച്ചുകാലമായി അടുത്ത പരിചയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ ലോഡ്ജിൽ മുറിയെടുത്തിരുന്നതായും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ യുവതി പീഡനപരാതി നൽകിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
സംഭവദിവസം യുവതിയെ ലോഡ്ജിൽ ഇറക്കിയശേഷം പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ഓട്ടോഡ്രൈവർ ലോഡ്ജിലെത്തി. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ഇയാൾ ലോഡ്ജ് അധികൃതരെയും പിന്നീട് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. തുടർന്ന് സംഘം വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ജൂൺ 27-നാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ദിവസങ്ങളോളം മുറി തുറക്കാതിരുന്നതോടെ ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നാം നിലയിലെ 108-ാം നമ്പർ മുറിയിലെ കട്ടിലിൽ പ്രസവത്തിനിടെ മരിച്ച നിലയിലായിരുന്നു യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
യുവതി ഗർഭിണിയാണെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
യുവതിയുടെ കുടുംബപശ്ചാത്തലവും ഓട്ടോഡ്രൈവറുടെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സിറ്റി എ.സി.പി. എം. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോഡ്ജിൽ വിശദമായ പരിശോധന നടത്തിയത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.






