ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് അപ്പീലിൽ സർക്കാർ വാദിക്കുന്നു.
ഗോവധത്തിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ സാധിക്കില്ലെന്നും, നിയമം നിർണയിക്കാനുള്ള അധികാരം നിയമസഭയ്ക്കാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. കോടതി നിയമനിർമ്മാണ സഭയുടെ അധികാരത്തിൽ കടന്നുകയറിയതായി അപ്പീലിൽ ആരോപിക്കുന്നു.
പ്രജനനത്തിനോ വളർത്തലിനോ കഴിയാത്ത പശുക്കളെ കൊല്ലാൻ നിലവിലെ നിയമത്തിൽ അനുമതിയുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.
ബക്രീദിനോട് അനുബന്ധിച്ച് കോയമ്പത്തൂരിൽ പൊതുസ്ഥലത്ത് ഇറച്ചിവെട്ട് സംബന്ധിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി മെയ് 17-ന് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ഗോവധം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് നിർദേശം നൽകിയിരുന്നു.
പാൽ ഉത്പാദനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്തുന്നതിനായി പശുവധം നിരോധിച്ച 1976 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി.




