ബെംഗളൂരു: കർണാടകയിലെ ശിവമോഗ്ഗയിൽ കഞ്ചാവ് ലഹരിയിലായിരുന്ന 26-കാരൻ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി. പിടികൂടുന്നതിനിടെ പോലീസുകാരനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് പ്രതിയുടെ കാലിൽ വെടിവെച്ച് കീഴ്പ്പെടുത്തി.
കിഷോർ എന്ന യുവാവാണ് അറസ്റ്റിലായത്. ബുധനാഴ്ച ശിവമോഗ്ഗയിലെ മിലാഘട്ട ആനന്ദറാവു എക്സ്റ്റൻഷനിൽ 65-കാരിയായ മുത്തശ്ശി സുശീലമ്മയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
ലഹരി ഉപയോഗത്തെ തുടർന്ന് കിഷോറിനെ സുശീലമ്മ ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെയാണ് ആക്രമണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പാറക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ ദൊഡ്ഡപേട്ടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ശിവമോഗ്ഗ ജില്ലാ പോലീസ് സൂപ്രണ്ട് ബി. നിഖിലിന്റെ നേതൃത്വത്തിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളും രൂപീകരിച്ചു.
വ്യാഴാഴ്ച രാവിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസുകാരെ കിഷോർ കത്തി ഉപയോഗിച്ച് ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതിയെ കീഴടങ്ങാൻ ആവശ്യപ്പെട്ട് ദൊഡ്ഡപേട്ടെ പോലീസ് ഇൻസ്‌പെക്ടർ സത്യനാരായണൻ ആദ്യം ആകാശത്തേക്ക് മുന്നറിയിപ്പ് വെടിയുതിർത്തു. എന്നാൽ പ്രതി കീഴടങ്ങാതിരുന്നതിനെ തുടർന്ന് ഇടത് കാലിൽ വെടിവെച്ച് പിടികൂടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
വെടിയേറ്റ പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.













