കൊച്ചി: കഴിഞ്ഞ ദിവസം നടന്ന നിയമസഭയിലെ ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎൻ ബാലഗോപാലിന്റെ ഭാഗത്തു നിന്ന് ഉണ്ടായ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പിണറായി വിജയൻ കേരളത്തിൽ രണ്ടു തവണ മുഖ്യമന്ത്രിയായ സീനിയർ നേതാവാണെന്നും സഭാനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് അർഹമായ ആദരവ് നൽകണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
‘എല്ലാവർക്കും പ്രായം ആവില്ലേ, ഓൾഡ് ഈസ് ഗോൾഡ് എന്നു പറയുന്നതുപോലെ പ്രായം ചെല്ലുംതോറും പക്വത അങ്ങോട്ട് വർധിക്കും. പക്വത ഉള്ളപ്പോൾ എപ്പോഴും എടുത്തുചാടി ഒരു സ്പ്രിങ് ആക്ഷനിൽ ഇരിക്കേണ്ട കാര്യമില്ലല്ലോ. അതിനെ അവരുടെ അവശതയായിട്ടോ അല്ലെങ്കിൽ അവരുടെ മേലായികയായിട്ടോ നമ്മൾ ചിത്രീകരിക്കേണ്ട കാര്യമില്ലല്ലോ. അദ്ദേഹം പറയേണ്ട സമയത്ത് അദ്ദേഹം പറയും. അദ്ദേഹത്തിന് ഒരു പ്രത്യേക ഗുണമുണ്ട്, പറഞ്ഞാൽ കറക്റ്റ് ആയിട്ട് അത് ഷാർപ്പ് പോയിന്റിൽ ആയിരിക്കും വന്നു നിൽക്കുന്നത്.
ബാലഗോപാലിന്റെ സമീപനത്തോട് എനിക്ക് യോജിപ്പില്ല. സഭയിൽ ബഹളമുണ്ടാകുന്ന സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് ‘എന്തെങ്കിലും പറയൂ’ എന്ന് ആവശ്യപ്പെട്ട നടപടി ശരിയായിരുന്നില്ല. സഭയിൽ ഒരാളിനെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിനെ പോലെ ഒരാളെ അങ്ങനെ ക്ഷോഭിപ്പിച്ച് ഇരുത്തുകയോ അല്ലെങ്കിൽ അങ്ങനെ പറയിപ്പിക്കുകയോ ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ പക്ഷം. ബാലഗോപാൽ എന്നല്ല ആരായാലും ആ സമീപനം ശരിയല്ല. അദ്ദേഹത്തിന് അർഹമായ ആദരവ് നൽകണം’ -തിരുവഞ്ചൂർ വ്യക്തമാക്കി.


