സംഭാജിനഗര്‍: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ വാട്ടർ ടാങ്കർ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 58-കാരന് ദാരുണാന്ത്യം. പൈതൻ താലൂക്കിലെ പച്ചോട് പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ശിവജി സാഹേബ്‌റാവു ഭുംറെ (58) ആണ് മരിച്ചത്. ടാങ്കർ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന് വൈദ്യുതി വാഹനത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. അപകടത്തിൽ മനോജ് റാംനാഥ് ഭുംറെക്ക് ഗുരുതരമായി പരിക്കേറ്റു.
ശക്തമായ വൈദ്യുതാഘാതമേറ്റതോടെ വാഹനത്തിലുണ്ടായിരുന്ന ഇരുവരും തെറിച്ച് വീണു. ഉടൻ തന്നെ പ്രദേശവാസികൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവജി സാഹേബ്‌റാവുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മനോജ് റാംനാഥ് ഭുംറെ ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലെ ഡോംബിവ്‌ലി ഈസ്റ്റ് മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വൈദ്യുതി കമ്പി വീണ് ഷോക്കേറ്റ് 24-കാരിയായ യുവതി മരിച്ചിരുന്നു. താനെയിലും വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.




