ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാകിസ്ഥാൻ പൗരന്മാരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരം ‘വ്യക്തിഗത ഭീകരവാദികൾ’ (Individual Terrorists) ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഇതോടെ യുഎപിഎ പ്രകാരമുള്ള വ്യക്തിഗത ഭീകരവാദികളുടെ പട്ടികയിലെ ആകെ എണ്ണം 80 ആയി. പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ ജമ്മു-കശ്മീരിൽ സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങളിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്നവരും ഉൾപ്പെടുന്നു.
വ്യക്തിഗത ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ഇവരുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും ആയുധങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ തടയാനും ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) ഉൾപ്പെടെ അന്വേഷണ ഏജൻസികൾക്ക് നിയമപരമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും.
2019-ലാണ് യുഎപിഎ ഭേദഗതി ചെയ്ത് വ്യക്തികളെയും ‘ഭീകരവാദികൾ’ ആയി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകിയത്. അതിന് മുമ്പ് സംഘടനകളെ മാത്രമാണ് ഭീകരസംഘടനകളായി പട്ടികപ്പെടുത്താൻ സാധിച്ചിരുന്നത്.
പുതിയ പട്ടികയിൽ ഉൾപ്പെട്ട ജയ്‌ഷെ മുഹമ്മദ് പ്രവർത്തകരിൽ മസൂദ് ഇല്യാസ് കാശ്മീരി, മുഹമ്മദ് മുസദ്വിഖ് (ഡോക്ടർ), മുഫ്തി മുഹമ്മദ് അസ്ഗർ ഖാൻ (അബു സാദ്), ഹഫിസ് അബ്ദുൾ ഷക്കൂർ (കാരി സറാർ), അബ്ദുല്ല ജിഹാദി, ഗുലാം ഫരീദ്, മൗലാന ഇമാംദുള്ള മക്കി, വസീം നൂർ ജാട്ട് എന്നിവരുണ്ട്.
ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ളവരിൽ ഫിർദോസ് അഹമ്മദ് ഭട്ട്, ഹറൂൺ റാഷിദ് ഗനായ്, ബിലാൽ അഹമ്മദ് മിർ, ആബിദ് ഖയൂം ലോൺ, നാസിർ അഹമ്മദ് ഗുജ്ജർ, അബ്ദുൾ റൗഫ് (ഹഫിസ് അബ്ദുൾ റൗഫ്), അഷ്ഫാഖ് അഹമ്മദ്, ഹഫിസ് ഖാലിദ് വലീദ്, മൗലാന സെയ്ഫുള്ള ഖാലിദ്, മുഹമ്മദ് യാക്കൂബ്, മൗലാന യൂസഫ് തൈബി, ഔവൈസ് ഫറൂസ്, കാരി യാക്കൂബ് ഷെയ്ഖ്, റാണ ഇഫ്തിഖാർ, മുഹമ്മദ് ഷഹീദ് ഫൈസൽ എന്നിവരും ഉൾപ്പെടുന്നു. മുഹമ്മദ് ഷഹീദ് ഫൈസലിന് അൽ-ഖ്വായിദ, ഐഎസ് എന്നീ ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.




