കണ്ണൂർ: പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് നജ്‌വാൻ അഹമ്മദിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരൻ. ഇതിനിടെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് അവനെ രക്ഷിക്കാൻ എല്ലാവരും തോട്ടിലേക്ക് ഇറങ്ങി. ആ സമയത്താണ് കരയിൽ നിന്നിരുന്ന നജ്‌വാൻ അഹമ്മദിനെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.











