കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ പാണ്ട്യാലമുക്കിലുള്ള വീട്ടിന് സമീപം വീണ്ടും ഇഡി പരിശോധന. ഇന്നലെ രാവിലെ 11 മണിയോടെയാണ് രണ്ട് ഇഡി ഉദ്യോഗസ്ഥർ പാതിരിയാട് വില്ലേജ് ഓഫീസറെ കൂട്ടി സ്ഥലത്തെത്തിയത്. വീട്ടിനുള്ളിലേക്ക് പ്രവേശിക്കാതെ പുറത്തുനിന്നാണ് പരിശോധന നടത്തിയത്. വീടിന്റെ സ്കെച്ച് പ്ലാനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സംഘം അന്വേഷിച്ചതെന്ന് അറിയുന്നു.
വീടിന് മുന്നിലുള്ള സ്ഥലത്തിന്റെ ചിത്രങ്ങൾ എടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്ന് പിണറായി വില്ലേജിലെ എടക്കടവിലെത്തി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെയും ചിത്രങ്ങൾ പകർത്തി. പരിശോധനയുടെ കാരണം സംബന്ധിച്ച് ഇഡി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
അതേസമയം, നേരത്തെ പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്. സി.എം.ആർ.എൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ഇഡിയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.




