ശ്രീനഗർ: ജമ്മു കശ്മീരിൽ അഞ്ച് ദിവസമായി സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കശ്മീരിലെ സൈദ്‌പോര മേഖലയിലാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു.
അഞ്ച് ദിവസം മുമ്പ് പ്രദേശത്തെ ഒരു തോട്ടത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിൽ രണ്ട് ഭീകരരുടെ സാന്നിധ്യം പതിഞ്ഞതിനെ തുടർന്ന് സുരക്ഷാസേന വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. ലഷ്കർ കമാൻഡർ സാക്കിർ ഗനിയും സഹായി ലത്തീഫ് ഭട്ടും മേഖലയിൽ ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പ്രദേശം വളഞ്ഞ് പരിശോധന ശക്തമാക്കിയത്.
ഛന്നപോര മേഖലയിലൂടെ ഇരുവരും സഞ്ചരിക്കുന്ന ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറകളിൽ ലഭിച്ചിരുന്നു. തുടർന്ന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ച സുരക്ഷാസേന പ്രദേശം പൂർണമായും വളഞ്ഞ് തിരച്ചിൽ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്മീർ പൊലീസും രാഷ്ട്രീയ റൈഫിൾസും സി.ആർ.പി.എഫും ചേർന്നാണ് ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയത്. സുരക്ഷാസേന ഭീകരർക്ക് സമീപമെത്തിയപ്പോൾ ഇരുഭാഗത്തുനിന്നും വെടിവെപ്പുണ്ടായതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരന്റെ വ്യക്തിത്വം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




