തിരുവനന്തപുരം: പാച്ചല്ലൂർ വാഹനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടവുമായി ബന്ധപ്പെട്ട് മാറനല്ലൂർ സ്വദേശി വിഷ്ണുവിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട സംഭവത്തിലാണ് നടപടി. ഐടി ജീവനക്കാരായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്.
ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷ്ണുവിന്റെ കാറിന്റെ പിറകിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അപകടത്തിൽ കഴക്കൂട്ടം യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരനായ നവീൻ (25), കിൻഫ്രയിലെ ഇവൈ ജിബിഎസ് ഇന്ത്യ ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. മൃദുല സംഭവ സ്ഥലത്തും നവീൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.











