ലഖ്നൗ: ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എ.ആർ.ടി.ഒ) ലളിത് കുമാറിന്റെ വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. ആഗ്രയിൽ സേവനമനുഷ്ഠിച്ചിരുന്ന ലളിത് കുമാറിന്റെ വീട്ടിൽ നിന്ന് 13 കിലോ സ്വർണവും 1.62 കോടി രൂപയും ഉൾപ്പെടെ വൻതോതിലുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് രഹസ്യാന്വേഷണം നടത്തിയ ശേഷമാണ് പ്രത്യേക കോടതിയുടെ അനുമതിയോടെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിനിടെ വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ പണവും സ്വർണ–വെള്ളി ആഭരണങ്ങളും വിലകൂടിയ വാച്ചുകളും നിക്ഷേപരേഖകളും കണ്ടെത്തി. നിലവിലെ വിപണിവില പ്രകാരം പിടിച്ചെടുത്ത സ്വർണത്തിന് കോടിക്കണക്കിന് രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ ഉദ്യോഗസ്ഥർ വീടിന്റെ ചുവരുകൾ, ഫോൾസ് സീലിങ്, ഫർണിച്ചറുകൾ എന്നിവ വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ കണ്ടെത്തിയത്. ഈ ലോക്കറുകളെക്കുറിച്ച് ലളിത് കുമാറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നും കുടുംബാംഗങ്ങൾക്കും ഇതുസംബന്ധിച്ച് വിവരമില്ലായിരുന്നെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
പരിശോധനയ്ക്കിടെ ഒരു ഡിജിറ്റൽ ലോക്കറിന്റെ പാസ്‌വേഡ് മറന്നുപോയെന്ന് പറഞ്ഞ് അന്വേഷണം വൈകിപ്പിക്കാൻ ലളിത് കുമാർ ശ്രമിച്ചതായും അധികൃതർ അറിയിച്ചു. തുടർന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോക്കർ തുറന്നത്.
വീട്ടിലെ വിവിധ കബോർഡുകളിലും രഹസ്യ അറകളിലും പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് 1.62 കോടി രൂപ കണ്ടെത്തിയത്. ഇതുകൂടാതെ ലക്നൗ, ആഗ്ര, നോയിഡ എന്നിവിടങ്ങളിൽ ലളിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ വാങ്ങിയ ഭൂമികൾ, ആഡംബരവീടുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, ബെനാമി സ്വത്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ഫോറൻസിക്, സാമ്പത്തിക പരിശോധനകൾ പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം അഴിമതി നിരോധന നിയമപ്രകാരം ലളിത് കുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




