ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ മുഖ്യമന്ത്രി വിഡി സതീശന്റെ നടപടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുന്നു. അടിയന്തര പ്രാധാന്യമുള്ള ഹൈന്ദവ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് തങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചതെന്നായിരുന്നു ഹിന്ദു ഐക്യവേദി പ്രതിനിധി സംഘത്തിന്റെ വിശദീകരണം. മതസംവരണം അവസാനിപ്പിച്ച് അത് സംവരണ അര്‍ഹതയുള്ള സമൂഹങ്ങള്‍ക്ക് നല്‍കണമെന്ന് കെ പി ശശികലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഇത് വെറുമൊരു സന്ദർശനമായി തള്ളിക്കളയാൻ രാഷ്ട്രീയ ലോകത്തിന് കഴിഞ്ഞില്ല. വി.ഡി. സതീശൻ ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് കോൺഗ്രസിനുള്ളിലും യു.ഡി.എഫിലും വലിയ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്. എല്ലാ സമുദായ സംഘടനകളോടും ഒരേ മാനദണ്ഡം പുലർത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രണ്ട് മുൻ കെപിസിസി പ്രസിഡന്റുമാർ ആവശ്യപ്പെട്ടത് പുറത്ത് പുകയുന്ന അസ്വസ്ഥതകൾ തിരിച്ചറിഞ്ഞിട്ട് തന്നെയാണ്. വ്യത്യസ്ത സമുദായ സംഘടനകളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് കാലങ്ങളായി മതേതരത്വം കാത്തുസൂക്ഷിക്കുന്ന സംഘടനകളെ സർക്കാരിൽ നിന്നും യുഡിഎഫിൽ നിന്നും അകറ്റാൻ കാരണമാകുമെന്ന് മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
മുഖ്യമന്ത്രി പദവിയിലെത്തിയിട്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിഡി സതീശൻ തുടരുന്ന കർശന നിലപാടിനെയും കോൺഗ്രസിലെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്. യാതൊരു മടിയുമില്ലാതെ ഹിന്ദു ഐക്യവേദി നേതാക്കളെ കാണാമെങ്കിൽ മറ്റുള്ളവരെയും കാണാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ പൊതുവികാരം.
വിഷയത്തിൽ ഇടത് സംഘടനകളകളും രംഗത്തെത്തി. വി.ഡി സതീശന്‍ ഇന്ന് കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന വര്‍ഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തി പാലൂട്ടുകയാണെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ വിമര്‍ശനം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോണ്‍ഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്നും ശിവപ്രസാദ് പരിഹസിച്ചിരുന്നു.
ഇതിന് ശശികല കൊടുത്ത മറുപടിയും പിന്നാലെ ട്രെൻഡിങ്ങായി. ‘മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങള്‍ക്ക് പിടികിട്ടി. മദനിയെക്കാത്ത് മോന്റപ്പൂപ്പന്മാര്‍ വേദിയില്‍ തൊഴുതിരുന്നപ്പോള്‍ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല. മദനിയുടെ ഫ്ലക്സ് സഖാക്കളുടെ തലയില്‍ കയറ്റി വെച്ചപ്പോഴും മോന് വിഷമം ഉണ്ടായിരുന്നില്ല. മോനുള്ള മരുന്ന് ഈ സമൂഹം തരും. ഇത്തിരി വൈകിയാലും തരും. മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് എന്നായിരുന്നു ശശികലയുടെ മറുപടി.
പക്ഷേ, മുഖ്യമന്ത്രി-ഹിന്ദു ഐക്യവേദി കൂടിക്കാഴ്ച്ചയിൽ ഏറ്റവുമധികം മുറിവേറ്റത് ഇടതിനോ വലതിനോ ഒന്നുമല്ല, അത് എൻഎസ്എസിനും ജി സുകുമാരൻ നായർക്കുമാണ്. തെറ്റ് പറയാനാവില്ല, അങ്ങനെയല്ലേ കാണാൻ ചെന്ന സുകുമാരൻ നായരെ മുമ്പ് മുഖ്യമന്ത്രി അപമാനിച്ച് വിട്ടത്. നേരത്തെ ജൂൺ 20-നാണ് മുഖ്യമന്ത്രി തങ്ങൾക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചതായി സുകുമാരൻ നായർ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി തന്റെ ഓഫീസിൽ വെച്ച് ഹിന്ദു ഐക്യവേദി നേതാക്കളെ കാണുകയും നിവേദനം സ്വീകരിക്കുകയും ചെയ്തതാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്. ഹിന്ദു ഐക്യവേദി ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
മുഖ്യമന്ത്രി എൻഎസ്എസിനോട് കാണിച്ച നിലപാട് പൊതുജനം വിലയിരുത്തട്ടെയെന്ന് വ്യക്തമാക്കി നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി രണ്ടുതവണ നിഷേധിച്ച മുഖ്യമന്ത്രിയുടെ നടപടി മര്യാദകേടാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് പറയുകയും ചെയ്തു.
മുഖ്യമന്ത്രിയെ കാണാൻ തങ്ങൾക്ക് ഇനി താല്പര്യമില്ലെന്ന് ജി. സുകുമാരൻ നായർ തുറന്നടിക്കുകയാണ്. അദ്ദേഹം മറ്റുള്ളവർക്ക് കൂടിക്കാഴ്ചക്ക് നൽകുന്നുണ്ട്. എനിക്ക് ഇപ്പോൾ അതിൽ ഒരു കാര്യവുമില്ല. ഞങ്ങൾ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു, എന്നാൽ അത് തന്നില്ല. എങ്കിലും ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളുണ്ട്. ഏത് ആവശ്യത്തിനായാണോ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്, അത് മറ്റ് മാർഗ്ഗങ്ങളിലൂടെ തങ്ങൾ നേടിയെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം, ജൂണിൽ നടന്ന ഹിന്ദു നേതൃസമ്മേളനത്തിൽ പാസാക്കിയ നിവേദനം സമർപ്പിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു ആവർത്തിക്കുന്നു. രണ്ട് തവണ ആവശ്യപ്പെട്ട ശേഷമാണ് കൂടിക്കാഴ്ചക്കുള്ള അനുമതി ലഭിച്ചതെന്നും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2016-ലും ഹിന്ദു ഐക്യവേദി നേതാക്കൾ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്ന് വിമർശിച്ചവർ എന്തുകൊണ്ട് മിണ്ടിയില്ലെന്നും ബാബു സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു.
വിഡി സതീശന്റന്റെ ആർഎസ്എസ് ബന്ധം ഇതാദ്യമായല്ല ചോദ്യം ചെയ്യപ്പെടുന്നത്. മുൻപ് ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വി.ഡി. സതീശൻ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്തുവിട്ടത് ആർ.വി. ബാബുവായിരുന്നു. പിന്നീട് ഈ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന ആരോപണവും മുഖ്യമന്ത്രിയായതിന് ശേഷം നടത്തിയ പല നിയമനങ്ങളിലും ആർഎസ്എസ് പശ്ചാത്തലമുള്ളവർ കയറിക്കൂടിയതും സ്വന്തം പാർട്ടിക്കുള്ളിൽ പോലും വിവാദമായ വിഷയങ്ങളാണ്.


