തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ ചില മാറ്റങ്ങൾ വരുത്തി പദ്ധതി നടപ്പാക്കാമെന്നാണ് സമിതിയുടെ ശുപാർശ.
പദ്ധതിയുടെ അലൈൻമെന്റും ഫണ്ട് മോഡലും തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. അതിവേഗ റെയിൽ വിഴിഞ്ഞം വരെ നീട്ടണമെന്നും ശുപാർശയിലുണ്ട്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. മെട്രോ സ്റ്റേഷനുകളുമായുള്ള ബന്ധം ഉറപ്പാക്കുന്നതിനനുസരിച്ച് റെയിൽ പാതയിലെ സ്റ്റോപ്പുകളിലും മാറ്റം വരുത്തേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി.
കെ റെയിൽ പദ്ധതിയിലുണ്ടായതുപോലുള്ള വലിയ ജനകീയ പ്രതിഷേധത്തിന് സാധ്യത കുറവാണെന്നും, ക്രൗഡ് ഫണ്ടിങ് പ്രായോഗികമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ ശ്രീധരന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ച 60,000 കോടി രൂപയ്ക്കുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നും വിദഗ്ധ സമിതി വിലയിരുത്തുന്നു.
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി ഏറ്റെടുക്കാൻ ഡിഎംആർസിക്ക് താൽപര്യമുണ്ടെന്ന് അറിയിച്ച് ഇ ശ്രീധരൻ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. കൊച്ചി മെട്രോ മാതൃകയിൽ രൂപകൽപ്പനയും നിർമാണവും കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയുമെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളിലോ അതിന് മുമ്പെയോ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇ ശ്രീധരന്റെ റിപ്പോർട്ട് പ്രകാരം പദ്ധതിക്ക് ഏകദേശം 60,000 കോടി രൂപ ചെലവ് വരുമെന്നും, മണിക്കൂറിൽ കൂടുതൽ യാത്രക്കാരെ വഹിക്കാൻ കഴിയുന്ന സംവിധാനമായിരിക്കും അതിവേഗ റെയിലെന്നും വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്നും, പാത ഉയർത്തി നിർമിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എതിർപ്പുകൾ കുറയുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.




