എറണാകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് സ്വദേശികളായ ജിബിൻ ബെൻഷാദ് (24), ടി.കെ. ആഷിഫ് (18) എന്നിവരാണ് പിടിയിലായത്.
ജൂലൈ 11-ന് രാത്രി കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ എം.സി. റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന 2.40 ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷണം പോയ സംഭവത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
മോഷ്ടിച്ച ബൈക്ക് കോട്ടയം ചിങ്ങവനം മൂലവട്ടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നമ്പർ പ്ലേറ്റില്ലാതിരുന്നതിനാൽ എൻജിൻ നമ്പർ പരിശോധിച്ചപ്പോഴാണ് പാലക്കുഴയിൽ നിന്ന് മോഷണം പോയ വാഹനമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് ചിങ്ങവനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഹുലിനെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജിബിൻ ബെൻഷാദിനെയും ടി.കെ. ആഷിഫിനെയും പിടികൂടി. പ്രതികൾ നിരവധി വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.




