കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കുടിവെള്ള സംഭരണിക്കായി നിർമ്മിച്ച കുളത്തിൽ കുളിക്കാനെത്തിയവർ പൊലീസിനെ കണ്ട് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോവിഡ് കാലത്ത് പൊലീസിനെ കണ്ട് ആളുകൾ ഓടിയ സംഭവങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
മഞ്ചേശ്വരം പഞ്ചായത്തിലെ ആറാം വാർഡിലെ ബാച്ചിലിഗ പ്രദേശത്തുള്ള കുടിവെള്ളക്കുളത്തിലാണ് സംഭവം. ഇവിടെ കുളിക്കുകയായിരുന്നവരിൽ ഭൂരിഭാഗവും കർണാടക സ്വദേശികളാണെന്നാണ് നാട്ടുകാർ പറയുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള വിതരണത്തിനായി നിർമിച്ച കുളമാണിതെന്ന് അറിയാതെയാണ് പലരും എത്തുന്നതെന്നാണ് വിവരം.
കുളത്തിന്റെ വീഡിയോയും സ്ഥലത്തിന്റെ ലൊക്കേഷനും ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതോടെയാണ് ആളുകൾ ഇത് കുളിക്കാനുള്ള സ്ഥലമാണെന്ന് തെറ്റിദ്ധരിച്ച് എത്തിത്തുടങ്ങിയത്. ഇതോടെ കുടിവെള്ള സ്രോതസിന്റെ ശുചിത്വം സംബന്ധിച്ച ആശങ്ക ഉയർന്നതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി.
കുറെ നാളുകളായി മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ കുളത്തിൽ ഇറങ്ങുന്നത് തുടരുകയാണെന്നും വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവരുടെ തിരക്ക് പ്രദേശത്തെ റോഡുകൾക്കും നാശമുണ്ടാക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പൊലീസിന്റെ സാന്നിധ്യം കണ്ടതോടെ കുളത്തിലുണ്ടായിരുന്നവർ ചിതറിയോടുന്ന ദൃശ്യങ്ങൾ നാട്ടുകാരനായ റുഫൈസ് പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്.




