കൊച്ചി: സംസ്ഥാനത്ത് പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംഭവം അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്നും, സർക്കാരിന്റെ അനാസ്ഥ മൂലം ജീവനുകൾ നഷ്ടപ്പെടുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ആരോഗ്യ പ്രവർത്തക ചിത്ര അഭയ് പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിൽ ഓക്സിജൻ ക്ഷാമം മൂലം ഒരാളും മരിക്കാത്ത സാഹചര്യം ഉറപ്പാക്കാൻ ആശുപത്രികളിലെ ഓക്സിജൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഓക്സിജൻ ബെഡുകൾ വർധിപ്പിക്കുകയും ചെയ്തിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു. വീടുകളിലെ കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സർക്കാർ സംവിധാനത്തിലൂടെയും പൊതുസമൂഹത്തിന്റെ പിന്തുണയോടെയും ലഭ്യമാക്കിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
നിലവിൽ പവർകട്ട് കാരണം ഓക്സിജൻ ലഭ്യത തടസ്സപ്പെട്ട് മരണം സംഭവിച്ചുവെന്ന റിപ്പോർട്ട് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ വീണാ ജോർജ്, സംസ്ഥാനത്ത് ഇപ്പോൾ ദിവസത്തിൽ പലതവണ വൈദ്യുതി മുടക്കം നേരിടേണ്ട സാഹചര്യമാണുള്ളതെന്നും വിമർശിച്ചു.
സംഭവത്തിൽ സർക്കാർ നിസംഗത അവസാനിപ്പിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നും, രോഗികളുടെ ജീവൻ സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.


